ടൂറിസത്തിന് ഉണര്‍വ്; ഹോം സ്റ്റേകള്‍ക്ക് ഇനി എന്‍ഒസി വേണ്ട
കേരളം വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭൂപ്രദേശമായത് ഗുണം ചെയ്യു്ന്നത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് മാത്രമല്ല. നൂറ് കണക്കിനാളുകള്‍ വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യം നല്‍കിയും രുചികരമായ ഭക്ഷണം തയ്യാറാക്കി നല്‍കിയും ജീവിതം കരുപിടിപ്പിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും നിയമത്തിന്റെ നൂലാമാലകള്‍ കാരണം ഈ രംഗത്തേക്ക് പലരും കടന്നു വരാന്‍ മടിക്കാറുണ്ട്. അവര്‍ക്കായി ഒരു ചെറിയ സന്തോഷവാര്‍ത്തയുണ്ട്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ ഒ സി ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ ഹോംസ്റ്റേകള്‍ക്കായുള്ള ക്ലാസിഫിക്കേഷന് വേണ്ടി ടൂറിസം വകുപ്പിന്റെ അനുമതിയോടൊപ്പം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിരാക്ഷേപ പത്രം കൂടി ഹാജരാക്കണം. ഹോംസ്റ്റേകള്‍ നിര്‍മിച്ച് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുന്ന സംരംഭകര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.